സിപിഐ എമ്മിന്റെ മുതിർന്ന നേതാവും രാജ്യത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളുമായ സഖാവ് എൻ ശങ്കരയ്യയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
മധുരയിലെ അമേരിക്കൻ കോളേജിലെ വിദ്യാർത്ഥിയായിരിക്കെയാണ് സ. ശങ്കരയ്യ സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിയായത്. അവസാന പരീക്ഷകൾക്ക് തൊട്ടുമുമ്പ് അറസ്റ്റ് ചെയ്യപ്പെട്ടതിനാൽ അദ്ദേഹത്തിന് ബിരുദം പൂർത്തിയാക്കാനായില്ല. എട്ടു വർഷം ജയിൽവാസം അനുഷ്ടിച്ച അദ്ദേഹം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഒരു ദിവസം മുമ്പാണ് ജയിൽമോചിതനായത്.
1940ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർടിയിൽ ചേർന്ന സ. ശങ്കരയ്യ തമിഴ്‌നാട്ടിലെ പ്രധാന സംഘാടകരിലൊരാളായി.
സിപിഐ നാഷണല്‍ കൗണ്‍സിലില്‍നിന്ന് ഇറങ്ങിവന്ന് സിപിഐ എം രൂപീകരിക്കാന്‍ തുടക്കമിട്ട ദേശീയ കൗണ്‍സിലിലെ 32 അംഗങ്ങളിലൊരാളായിരുന്നു സ. ശങ്കരയ്യ. തമിഴ്നാട്ടിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ വലിയ സംഭാവന നൽകിയ അദ്ദേഹം 1995 മുതൽ 2002 വരെ സിപിഐ എമ്മിന്റെ സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചു.
1967, 1977, 1980 വർഷങ്ങളിൽ അദ്ദേഹം തമിഴ്നാട് സംസ്ഥാന അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1977ലും 1980ലും നിയമസഭയിലെ സിപിഐ എം കക്ഷി നേതാവായിരുന്നു.
കർഷക പ്രസ്ഥാനത്തിന്റെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ച അദ്ദേഹം അഖിലേന്ത്യാ കിസാൻ സഭയുടെ ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായി.
കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവും നയങ്ങളും ജനങ്ങൾക്കിടയിൽ ഫലപ്രദമായി പ്രചരിപ്പിക്കാൻ കഴിയുന്ന ഉജ്ജ്വല വാഗ്മിയായിരുന്നു സ. ശങ്കരയ്യ. പാർടിയോട് അർപ്പണബോധവും പൊതുജീവിതത്തിൽ സത്യസന്ധതയും ലാളിത്യവും പുലർത്തിയിരുന്ന അദ്ദേഹം അടിയുറച്ച മാർക്സിസ്റ്റായിരുന്നു.
സഖാവ് എൻ ശങ്കരയ്യയുടെ നിര്യാണത്തിലൂടെ പാർടിക്ക് നഷ്ടമാകുന്നത് സമുന്നതനായ ഒരു നേതാവിനെയാണ്. അദ്ദേഹം നയിച്ച മഹത്തായ വിപ്ലവകാരിയുടെ ജീവിതം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് എക്കാലവും പ്രചോദനമാകും. അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലി അർപ്പിക്കുകയും കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുകയും ചെയ്യുന്നു.