സിപിഐ എം പോളിറ്റ് ബ്യുറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
________________________
ഇലക്ടറൽ ബോണ്ട് സ്‌കീം റദ്ദാക്കിയ സുപ്രീംകോടതിയുടെ ചരിത്ര വിധിയെ സിപിഐ എം പൊളിറ്റ് ബ്യൂറോ അഭിനന്ദിക്കുന്നു. ഭരണകക്ഷിക്ക് ധനസഹായം നൽകുന്നതിനായി അജ്ഞാതരായ കോർപ്പറേറ്റ് ദാതാക്കൾക്കുവേണ്ടി രൂപകൽപ്പന ചെയ്ത ഈ അശാസ്ത്രീയ പദ്ധതിയെ സുപ്രീംകോടതിയുടെ വിധി പൂർണ്ണമായും റദ്ദാക്കി.
അഴിമതിയെ നിയമവിധേയമാക്കുന്ന ഇലക്ടറൽ ബോണ്ടുകൾ സ്വീകരിക്കില്ലെന്ന് സിപിഐ എം തുടക്കത്തിൽ തന്നെ പ്രഖ്യാപിച്ചിരുന്നു. മറ്റ് ഹർജിക്കാർക്കൊപ്പം ഇലക്ടറൽ ബോണ്ട് പദ്ധതിയെ സിപിഐ എം സുപ്രീംകോടതിയിൽ ചോദ്യം ചെയ്തു. ഇലക്ടറൽ ബോണ്ട് സ്കീമിനെതിരായ ഹർജിയിൽ സിപിഐ എം ഉന്നയിച്ച പ്രധാന വാദങ്ങളെല്ലാം സുപ്രീംകോടതി ശരിവെച്ചതിൽ സന്തോഷമുണ്ട്.
രാഷ്ട്രീയ പാർട്ടികളുടെ ഫണ്ടിങ് സുതാര്യവും നിയമപരവുമാണെന്ന് ഉറപ്പുവരുത്താനും പണത്തിന്റെ സ്വാധീനത്തിൽ തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെടുന്നത് തടയാനും വേണ്ട പരിഷ്കാരങ്ങൾ നടപ്പിലാക്കേണ്ടത് അത്യാവശ്യമാണ്.