സിപിഐ എം പോളിറ്റ് ബ്യുറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
________________________________
ലോക്‌സഭ, നിയമസഭ, തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തണമെന്ന ഉന്നതതല സമിതി നിർദേശം പിന്തിരിപ്പനും രാജ്യത്ത് കേന്ദ്രീകൃത ഏകാധിപത്യ രാഷ്‌ട്രീയ സംവിധാനം നിലവിൽ വരാൻ വഴിയൊരുക്കുന്നതുമാണ്. ഭരണഘടനയിലും ഇതര നിയമങ്ങളിലുമായി 18 ഭേദഗതികൾ റിപ്പോർട്ടിൽ നിർദേശിക്കുന്നു. പാർലമെന്ററി ജനാധിപത്യത്തെയും അഞ്ച് വർഷത്തേയ്‌ക്ക് സർക്കാരിനെ തെരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ അവകാശത്തെയും ഇടിച്ചുതാഴ്‌ത്തുന്ന നീക്കമാണിത്.
സംസ്ഥാനങ്ങൾക്കെതിരെ കേന്ദ്രസർക്കാരിന്റെ അധികാരം ഇത് വർധിപ്പിക്കും. 19-ാം ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം എല്ലാ നിയമസഭ തെരഞ്ഞെടുപ്പുകളും നടത്താനായി 18–ാം ലോക്‌സഭ തെരഞ്ഞെടുപ്പിനുശേഷം തെരഞ്ഞെടുക്കപ്പെടുന്ന നിയമസഭകളുടെയും കാലാവധി ചുരുക്കണമെന്ന് റിപ്പോർട്ടിൽ നിർദേശിക്കുന്നു. 2026ൽ തെരഞ്ഞെടുക്കപ്പെടുന്ന ബംഗാൾ, തമിഴ്‌നാട്, കേരളം, അസം നിയമസഭകളുടെ കാലാവധി പകുതിയിലേറെ ചുരുക്കപ്പെടുമെന്നാണ് ഇതിന് അർഥം.
ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ കഴിഞ്ഞ് 100 ദിവസത്തിനകം പഞ്ചായത്ത്, മുനിസിപ്പൽ തെരഞ്ഞെടുപ്പുകൾ നടത്താനും സമിതി നിർദേശിക്കുന്നു. നിലവിൽ തദ്ദേശസ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് നിശ്‌ചയിക്കുന്നതും നടത്തുന്നതും സംസ്ഥാന സർക്കാരുകളാണ്. മൂന്ന് തെരഞ്ഞെടുപ്പുകൾക്കും ഒരേ വോട്ടർ പട്ടിക ഉപയോഗിക്കുന്നത് കൂടുതൽ കേന്ദ്രീകരണത്തിന് ഇടയാക്കും; തദ്ദേശസ്ഥാപന സംവിധാനത്തിന്റെ അടിസ്ഥാന തത്വമായ അധികാര വികേന്ദ്രീകരണത്തിന് എതിരായ നീക്കമാണിത്. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് സംവിധാനത്തിനെതിരെ ശക്തമായി രംഗത്തുവരാൻ ജനാധിപത്യ ബോധമുള്ള എല്ലാ സംഘടനകളോടും പൗരന്മാരോടും ആഹ്വാനം ചെയ്യുന്നു.