സിപിഐ എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
________________________________
ഇലക്ടറൽ ബോണ്ടുകൾ വഴി ആരൊക്കെ ആർക്കൊക്കെയാണ് ഫണ്ട് നൽകിയതെന്ന് വെളിപ്പെടുത്തുന്ന തിരിച്ചറിയൽ കോഡ് ലഭ്യമാക്കണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് സുപ്രീംകോടതി നൽകിയ തുടർ നിർദ്ദേശം സ്വാഗതാർഹമാണ്. രാഷ്ട്രീയ പാർട്ടികൾ ഫണ്ട് സമാഹരിക്കുന്ന രീതി കൂടുതൽ സുതാര്യമാകണമെന്ന സുപ്രീംകോടതി വിധി അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന വസ്തുതയാണ് ഇത് തുറന്നുകാട്ടുന്നത്.
ഇലക്ടറൽ ബോണ്ടുകളുടെ കൈമാറ്റം സംബന്ധിച്ച വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റിൽ അപ്പ്ലോഡ് ചെയ്തതിന് ശേഷം അതിനെ വിശകലനം ചെയ്യാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ഇലക്ടറൽ ബോണ്ട് സംവിധാനം സൃഷ്ടിച്ച ആഘാതം എത്രത്തോളമാണെന്ന് മനസ്സിലാക്കാൻ ഇനിയും സമയം വേണ്ടിവരും. എന്നാൽ, ഫണ്ട് നൽകിയ കമ്പനികൾക്ക് പ്രത്യുപകാരങ്ങൾ ലഭിച്ചിട്ടുണ്ട് എന്നതും ഇഡി പോലുള്ള ഏജൻസികളെ ഉപയോഗിച്ച് കോർപ്പറേറ്റുകളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തിട്ടുണ്ട് എന്നതും പ്രഥമദൃഷ്ട്യാ വ്യക്തമാണ്.
തെരഞ്ഞെടുപ്പ് ജനാധിപത്യം അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജനാധിപത്യം നിലനിർത്താൻ ആഗ്രഹിക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളും സംഘടനകളും ജനങ്ങളും പ്രതിരോധം സൃഷ്ടിക്കണം.