രാജ്യത്തെ ചരക്ക് നീക്കത്തിൽ ഇതിനോടകം നിർണായക സാന്നിധ്യമായി മാറി കഴിഞ്ഞ വിഴിഞ്ഞം രാജ്യാന്തര തുറമുഖം സന്ദർശിച്ചു. കേരളത്തിന്റെ വികസന ചരിത്രത്തിലെ സുപ്രധാനമായ ഒരു അദ്ധ്യായമാണ് വിഴിഞ്ഞം. ലോക തുറമുഖ ഭൂപടത്തിൽ നമ്മുടെ കേരളവും അടയാളപ്പെടുത്തപ്പെട്ടിരിക്കുകയാണ്. രാജ്യത്തെ ആദ്യ കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് പോർട്ട്, അന്താരാഷ്ട്ര കപ്പൽ ചാലിനോട് ഏറ്റവുമടുത്തു നിൽക്കുന്ന പോർട്ട് തുടങ്ങി നിരവധി സവിശേഷതകൾ വിഴിഞ്ഞം തുറമുഖത്തിനുണ്ട്. ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളിലൊന്നായ എം എസ് സി തുർക്കി (MSC TURKIYE) ഇന്നലെ വിഴിഞ്ഞത്ത് നങ്കൂരമിട്ടിരുന്നു. ആദ്യമായാണ് ഇത്രയും വലിയ ഒരു കപ്പൽ ഇന്ത്യൻ തുറമുഖത്ത് നങ്കൂരമിടുന്നത്. കൊളംബോയിലും ദുബായിലുമുള്ള തുറമുഖങ്ങളിൽ പോലും അടുപ്പിച്ചിട്ടില്ലാത്ത ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ സീരീസിലെ ഒരു കപ്പൽ അനായാസം അടുപ്പിച്ചതോടെ വിഴിഞ്ഞം തുറമുഖം ലോകോത്തരമായി മാറിയിരിക്കുകയാണ്. വിഴിഞ്ഞം തുറമുഖത്തിലൂടെ വ്യവസായ, നിക്ഷേപ രംഗത്ത് അനന്ത സാധ്യതകളാണ് തുറക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക, വ്യാവസായിക, വിനോദസഞ്ചാര രംഗങ്ങളിൽ വൻ കുതിച്ചുചാട്ടമുണ്ടാക്കുന്ന തുറമുഖം രാജ്യത്തിന്റെ പുതിയ വാണിജ്യ കവാടമാകുമെന്ന് ഉറപ്പാണ്.
