Skip to main content

മെയ് ദിനം

ഇന്ന് മെയ് 1, ലോക തൊഴിലാളി ദിനം. സമത്വസുന്ദരമായ ലോകത്തിനായി ഇന്നും തുടരുന്ന സുദീർഘമായ തൊഴിലാളിവർഗ പോരാട്ടത്തിന്റെ ആവേശം തുടിക്കുന്ന ദിനം. ലോകമാകെയുള്ള തൊഴിലാളികളെ കോർത്തിണക്കുന്ന വർഗബോധത്തിന്റെ മഹത്വം മെയ് ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു. തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന നിയോലിബറൽ മുതലാളിത്ത നയങ്ങൾ രാജ്യത്തെ ഗ്രസിക്കുന്ന ഈ ഘട്ടത്തിൽ തൊഴിലാളി ദിനാചരണത്തിന്റെ പ്രാധാന്യവും പ്രസക്തിയും വലുതാണ്.

പാർലമെന്റിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരം 2014-22 വരെയുള്ള കാലയളവിൽ കേന്ദ്ര ഗവൺമെന്റ് സർക്കാർ സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമായി രാജ്യത്താകെ ഉദ്യോഗം നൽകിയത് വെറും 7.22 ലക്ഷം പേർക്കാണ്. പുതുതായി തസ്തികകൾ സൃഷ്ടിച്ചിട്ടില്ല എന്നു മാത്രമല്ല കേന്ദ്ര സർവീസിലും പൊതുമേഖല സ്ഥാപനങ്ങളിലുമായി നിലവിലുള്ള 10 ലക്ഷത്തോളം തസ്തികളിൽ നിയമനം നടത്താതിരിക്കുകയുമാണ്.

റെയിൽവേയിൽ 3 ലക്ഷം ഒഴിവുകളാണ് നികത്താതെ ഇട്ടിരിക്കുന്നത്. വേതനം കുറഞ്ഞ വിഭാഗം തസ്തികകളിൽ കരാർ നിയമനങ്ങൾ മാത്രമാണ് നടക്കുന്നത്. പട്ടാളത്തിൽ പോലും സ്ഥിരം തൊഴിലുകൾക്ക് പകരം കരാർ നിയമനങ്ങൾ കൊണ്ടുവരുന്നു. വർഷം രണ്ടുകോടി പുതിയ തൊഴിലുകൾ സൃഷ്ടിക്കും എന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ബിജെപി സർക്കാരിന്റെ തൊഴിലാളികളോടുള്ള യഥാർഥ സമീപനമാണിത്.

എന്നാൽ കഴിഞ്ഞ 7 വർഷം കൊണ്ട് എൽഡിഎഫ് സർക്കാർ കേരളത്തിൽ പി.എസ്.സി വഴി നടത്തിയ നിയമനങ്ങൾ 2 ലക്ഷത്തിലധികമാണ്. രാജ്യത്തെ ആകെ ജനസംഖ്യയുടെ രണ്ടര ശതമാനം മാത്രമുള്ള ഒരു സംസ്ഥാനത്ത് പ്രതിവർഷം മുപ്പതിനായിരത്തോളം പേർക്ക് പുതുതായി സർക്കാർ ഉദ്യോഗം നൽകുന്ന സംസ്ഥാനമാണ് കേരളം. കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ മാത്രം 40,000ത്തോളം പുതിയ തസ്തികകളും സംസ്ഥാനത്ത് സൃഷ്ടിക്കുകയുണ്ടായി. സർക്കാർ മേഖലയ്ക്ക് പുറത്തും ഏറ്റവും അധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്.

റിസർവ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഇന്ന് രാജ്യത്തെ നിർമ്മാണ മേഖലയിൽ ഏറ്റവും ഉയർന്ന ദിവസ വേതനം ലഭിക്കുന്ന സംസ്ഥാനം കേരളമാണ്. പ്രതിദിനം ശരാശരി 837.30 രൂപ ഈ മേഖലയിൽ തൊഴിലാളികൾക്ക് ലഭിക്കുന്നു. തൊഴിലുമായി ബന്ധപ്പെട്ട പരാതി പരിഹാരവും മികച്ച രീതിയിൽ നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതുവരെ ഇന്‍ഡ്‌സ്ട്രിയല്‍ റിലേഷന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ 3534 തൊഴില്‍ തര്‍ക്കങ്ങളാണ് പരിഹരിച്ചത്.

കഴിഞ്ഞ എൽഡിഎഫ് സർക്കാറിന്റെ കാലം മുതൽ ഇന്നു വരെ 59 തൊഴിൽ മേഖലകളിൽ കുറഞ്ഞ വേതനം നിശ്ചയിച്ചു. ഈ സർക്കാർ നിലവിൽ വന്നതിനു ശേഷം 11 മേഖലകളിൽ കുറഞ്ഞ വേതനം പുതുക്കി നിശ്ചയിച്ചു കഴിഞ്ഞു. വിദ്യാസമ്പന്നരായ തൊഴിൽ അന്വേഷകർക്ക് മികച്ച തൊഴിലവസരങ്ങൾ ലഭ്യമാകാൻ നൈപുണ്യവികസന പ്രവർത്തനങ്ങളോടൊപ്പം വിപുലമായ തൊഴിൽ മേളകളും സർക്കാർ നടപ്പാക്കുന്നു. ഇതുവരെ 96,792 പേർക്കാണ് തൊഴിൽ മേളകൾ മുഖേന തൊഴിൽ ലഭ്യമായത്. അതിഥി തൊഴിലാളികളുടേയും സ്ത്രീ തൊഴിലാളികളുടേയും ക്ഷേമത്തിനായി നിരവധി പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്.

ഈ തരത്തിൽ എൽഡിഎഫ് സർക്കാർ നടത്തുന്ന തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങൾ രാജ്യത്തെ തൊഴിൽ മേഖലയിൽ നിലനിൽക്കുന്ന തൊഴിലാളിവിരുദ്ധ സമീപനങ്ങളോടുള്ള ചെറുത്തുനില്പാണ്. ചൂഷണങ്ങൾ ഇല്ലാത്ത സമത്വസുന്ദരമായ ഒരു ലോകം അസാധ്യതയല്ല. ഇച്ഛാശക്തിയോടെ അതിനായുള്ള സമരങ്ങൾ തുടരുകയാണ് വേണ്ടത്. അവയ്ക്ക് ഊർജ്ജം പകരാനും തൊഴിലാളി വർഗത്തിന്റെ ഐക്യം സുദൃഢമാക്കാനും ലോക തൊഴിലാളി ദിനം നമുക്ക് പ്രചോദനം പകരട്ടെ. ഏവർക്കും മെയ് ദിനാശംസകൾ.

 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

വന്യജീവി നിയന്ത്രണത്തിന് ലോകമെങ്ങുമുള്ള നായാട്ട് പോലുള്ള മാർഗ്ഗങ്ങൾ ഇവിടെയുമാകാം എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നിയമം എതിരാണ്

സ. പിണറായി വിജയൻ

വന്യ മൃഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. വന്യമൃഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണം. എന്നാൽ ഇത്തരം നടപടി രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. വന്യമൃ​ഗങ്ങളെ തൊടാൻ‌ പാടില്ലെന്ന നിലയിലാണ് ഇപ്പേൾ‌ പോകുന്നത്.

എൽഡിഎഫ് സർക്കാരിന് ഇനിയും ഭരണത്തുടർച്ച ഉണ്ടാകും

സ. പിണറായി വിജയൻ

അടിസ്ഥാന സൗകര്യവും അക്കാദമിക്‌ മികവും സാധ്യമാക്കി സംസ്ഥാനത്തെ സർവകലാശാലകൾ ലോകനിലവാരത്തിലേക്ക്‌ ഉയരുകയാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ അർഥപൂർണമായ ഫലപ്രാപ്‌തിയിലേക്ക്‌ എത്തി.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.