സമുന്നതനായ കമ്യൂണിസ്റ്റ് നേതാവ് സഖാവ് അഴീക്കോടൻ രാഘവന്റെ രക്തസാക്ഷിത്വ വാർഷികദിനം സെപ്റ്റംബർ 23 വെള്ളിയാഴ്‌ച സമുചിതമായി ആചരിക്കാൻ അഭ്യർത്ഥിക്കുന്നു. സഖാവ് അഴീക്കോടൻ രാഘവൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് അരനൂറ്റാണ്ട് പൂർത്തിയാകുകയാണ്. 1972 സെപ്റ്റംബർ 23നാണ് കോൺഗ്രസ് പിന്തുണയോടെ തീവ്രവാദത്തിന്റെ പൊയ്‌മുഖമണിഞ്ഞ സംഘം അദ്ദേഹത്തെ അരുംകൊല ചെയ്തത്.
കമ്യൂണിസ്റ്റ് പാർടിയും വർഗബഹുജന പ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കുന്നതിലും നയിക്കുന്നതിലും സ. അഴീക്കോടൻ സുപ്രധാന പങ്ക് വഹിച്ചു. കർഷകരും തൊഴിലാളികളും സാധാരണക്കാരുമെല്ലാം അഭിമാനത്തോടെ ജീവിക്കുന്ന നാളുകൾക്കായി അദ്ദേഹം അക്ഷീണം പ്രയത്നിച്ചു. ആ പാതയിൽ നിരവധി പോരാട്ടങ്ങളിലൂടെയും സമരങ്ങളിലൂടെയും 50 വർഷം കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം കരുത്തോടെ മുന്നോട്ടുകുതിച്ചു. സിപിഐ എമ്മും ഇടതുപക്ഷവും കൂടുതൽ കരുത്താർജിച്ചു.
എല്ലാവരെയും ചേർത്തുപിടിക്കുന്ന എൽഡിഎഫ് ഭരണം സംസ്ഥാനത്തിന്റെ വികസനരംഗത്ത് സമാനതകളില്ലാത്ത ചരിത്രം രചിക്കുകയാണ്. എൽഡിഎഫ് സർക്കാരിനെയും ഇടതുപക്ഷത്തെയും ഇകഴ്‌ത്തിക്കാട്ടാൻ പ്രതിപക്ഷവും ബിജെപിയും കൈകോർത്തിരിക്കുന്നു. സുഗമമായി പ്രവർത്തിക്കാൻ അനുവദിക്കാത്തവിധം ഭരണപ്രതിസന്ധി സൃഷ്ടിക്കാൻ ഇക്കൂട്ടർ ആസൂത്രിത നീക്കങ്ങൾ നടത്തുകയാണ്.
ഇത്തരം വെല്ലുവിളികളെയെല്ലാം ചെറുത്ത് മുന്നോട്ടുപോകാൻ സഖാവ് അഴീക്കോടന്റെ സ്‌മരണ നമുക്ക് കരുത്തേകും. പാർടി ഓഫീസുകൾ അലങ്കരിച്ചും അനുസ്‌മരണ പരിപാടികൾ സംഘടിപ്പിച്ചും സ. അഴീക്കോടൻ ദിനാചരണം സമുചിതമായി ആചരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്