സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്‌താവന
_____________________
കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെതിരെയുള്ള ജെ പി നദ്ദയുടെ കള്ള പ്രചാരവേലകള്‍ കേരള ജനത പുച്ഛിച്ച് തള്ളും. രാജ്യത്തെ ഏറ്റവും അഴിമതി രഹിതമായ ഭരണ സംവിധാനമാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഒരു അഴിമതി ആരോപണം പോലും ഈ സര്‍ക്കാരിനെതിരായി മുന്നോട്ടുവെക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടുമില്ല. എന്നിട്ടും അഴിമതി സര്‍ക്കാരെന്ന് സംസ്ഥാന സര്‍ക്കാരിനെ വിശേഷിപ്പിക്കുന്നത് തികഞ്ഞ രാഷ്‌ട്രീയ അന്ധതകൊണ്ട് മാത്രമാണ്. കേരളം ഭീകര വാദികളുടെ താവളമായി മാറിയെന്നാണ് മറ്റൊരാരോപണം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് ഒരു വര്‍ഗ്ഗീയ കലാപം പോലും ഇല്ലാത്ത സംസ്ഥാനമായി കേരളം മാറിയിട്ടുണ്ട്. സംഘപരിവാര്‍ വിവിധ തരത്തിലുള്ള സംഘര്‍ഷങ്ങള്‍ സംസ്ഥാനത്ത് കുത്തിപ്പൊക്കാന്‍ ശ്രമിച്ചപ്പോള്‍ അവയെ മുളയിലേ നുള്ളുന്നതിന് എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. വാട്‌സ്‌ആപ്പ് ഹര്‍ത്താലുകളെ പ്രതിരോധിച്ചുകൊണ്ട് മാതൃകാപരമായ പ്രവര്‍ത്തനമാണ് സംസ്ഥാനത്ത് നടത്തിയിട്ടുള്ളത്. ഇന്ത്യയിലെ ഏറ്റവും മതസൗഹാര്‍ദം പുലരുന്ന സംസ്ഥാനത്തിന് നേരെയാണ് ഇത്തരമൊരു പ്രചരണം ഉയര്‍ത്തിയിട്ടുള്ളത്. നാട്ടില്‍ കലാപമുണ്ടാക്കുന്നതിന് ബോധപൂര്‍വ്വമായ പദ്ധതികള്‍ ഒരുക്കുന്നതില്‍ ആര്‍എസ്‌എസാണ് മുമ്പന്തിയിലെന്ന് പകല്‍പോലെ വ്യക്തമാണ്. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ ആര്‍എസ്‌എസിന്റെ കൊലക്കത്തിക്കിരയായി കൊല്ലപ്പെട്ടത് 17 സിപിഐ എം സഖാക്കളാണെന്ന വസ്‌തുത കേരള ജനതക്കറിയാം. അവരുടെ മുന്നില്‍ ഇത്തരം നട്ടാല്‍ പൊടിക്കാത്ത നുണകള്‍ നിലനില്‍ക്കുകയില്ലെന്ന് ബിജെപിയുടെ അഖിലേന്ത്യാ പ്രസിഡന്റ് മനസ്സിലാക്കണം.
സ്വര്‍ണ്ണക്കള്ളക്കടത്തിലെ അന്വേഷണം കേന്ദ്ര ഏജന്‍സികളാണ് നടത്തുന്നത്. സ്വര്‍ണ്ണം ആര് അയച്ചുവെന്നും, ആര്‍ക്ക് അയച്ചുവെന്നും ഇതുവരെ കണ്ടെത്താനാകാതെ ഇരുട്ടില്‍ തപ്പുന്ന സ്ഥിതിവിശേഷം ആരാണ് സൃഷ്ടിച്ചത് എന്ന് ഏവര്‍ക്കും അറിയാവുന്നതാണ്. സ്വപ്‌ന സുരേഷിന് സംരക്ഷണവും, പിന്തുണയും നല്‍കിക്കൊണ്ട് ഇല്ലാ കഥകള്‍ സൃഷ്ടിച്ച് മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് സര്‍ക്കാരിനെതിരെ ജനങ്ങളെ തിരിച്ചുവിടാനുള്ള നീക്കത്തിന് പിന്നില്‍ സംഘപരിവാര്‍ ശക്തികളാണെന്നതും ഏവര്‍ക്കും അറിയാവുന്നതാണ്. ഇത്തരം കള്ളപ്രചാര വേലകള്‍ക്ക് നേരത്തെ തന്നെ തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ കൊടുത്ത മറുപടി കൊടുത്തതാണ്.
സംസ്ഥാനം കടക്കെണിയിലാണെന്ന പ്രചരണമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങളുടെ ഫലമായി സംസ്ഥാനങ്ങള്‍ വലിയ പ്രതിസന്ധി അനുഭവിക്കുകയാണ്. ആ പ്രതിസന്ധിയെ മറികടന്നുകൊണ്ടുള്ള പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്‌ക്കരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. സംസ്ഥാനം കടമെടുക്കുന്നത് കേന്ദ്ര ഗവണ്‍മെന്റിന്റെ അംഗീകാരത്തോടെയാണ്. നികുതി വിഹിതം വെട്ടിക്കുറച്ചും, ജിഎസ്‌ടി നഷ്ടപരിഹാരം ഇല്ലാതാക്കിയും സംസ്ഥാന സര്‍ക്കാരിന്റെ വരുമാന സ്രോതസ്സുകളെ തല്ലിക്കെടുത്തുന്നവരാണ് ഇത്തരം പ്രചാരവേലകളുമായി രംഗത്തിറങ്ങിയിരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ ദിനങ്ങള്‍ പോലും വെട്ടിക്കുറച്ച് പാവപ്പെട്ടവരെ കണ്ണീര് കുടിപ്പിക്കുന്നവരാണ് ക്ഷേമ പദ്ധതികളുടെ കണക്കുമായി രംഗപ്രവേശം ചെയ്യുന്നത് എന്ന വിരോധാഭാസവും നിലനില്‍ക്കുന്നു. സംസ്ഥാനത്തിന്റെ കടത്തെ കുറിച്ച് വ്യാകുലപ്പെടുന്നവര്‍ കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാക്കിവെച്ച കടമെത്രയാണെന്ന് വ്യക്തമാക്കണം. കേന്ദ്ര സര്‍ക്കാരിന്റെ അധികാരമുപോഗിച്ച് സംസ്ഥാനത്തെ വികസന പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്താനുള്ള നീക്കം തിരിച്ചറിയാനുള്ള ശേഷി കേരള ജനതക്കുണ്ട്.