സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്‌താവന
____________________________
പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ നടന്ന ആഭിചാരക്കൊല കേരളത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളുടേയും, അനാചാരങ്ങളുടേയും തീവ്രത തുറന്നുകാട്ടുന്നതും, അതിനെതിരായി ശക്തമായ പോരാട്ടത്തിന്റെ ആവശ്യകത വ്യക്തമാക്കുന്നതുമാണ്. രാജ്യത്ത് കഴിഞ്ഞ വർഷം മാത്രം അന്ധവിശ്വാസങ്ങളുമായി ബന്ധപ്പെട്ട് 73 കൊലപാതകങ്ങൾ നടന്നിട്ടുണ്ടെന്ന് നാഷണൽ ക്രൈം ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. കേരളം പോലുള്ള സംസ്ഥാനത്ത് ഇത്തരമൊരു സ്ഥിതിവിശേഷം ഉണ്ടാകുമെന്ന് ആരും ചിന്തിക്കാനിടയില്ല. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തെ ശക്തമായി അപലപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും നിയമത്തിന്റെ മുമ്പിൽ കൊണ്ടുവന്ന് സമൂഹത്തിനൊരു പാഠമായി ഈ അന്വേഷണത്തെ മാറ്റേണ്ടതുണ്ട്. കേസിന്റെ അന്വേഷണത്തിൽ ജാഗ്രതകാട്ടി നമ്മുടെ സമൂഹത്തെ ബാധിച്ച രോഗാവസ്ഥയെ തുറന്നുകാട്ടിയ കേരളാ പൊലീസിന്റെ ഇടപെടൽ ഏറെ ശ്ലാഘനീയമാണ്.
നവോത്ഥാന പ്രസ്ഥാനങ്ങളുടെ മഹത്തായ ഇടപെടലുകൾ അന്ധവിശ്വാസങ്ങളേയും, അനാചാരങ്ങളേയും കേരളീയ സമൂഹത്തിൽ നിന്ന് നിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള വലിയ പോരാട്ടമാണ് നടത്തിയത്. ദേശീയ പ്രസ്ഥാനവും ഇക്കാര്യത്തിൽ ഏറെ പങ്ക് വഹിച്ചു. ഈ മുന്നേറ്റത്തെ കൂടുതൽ കരുത്തോടുകൂടി കർഷക - തൊഴിലാളി പ്രസ്ഥാനങ്ങൾ മുന്നോട്ടുകൊണ്ടുപോയി. ഇത്തരം ഇടപെടലുകളുടെ കൂടി ഫലമായാണ് ഇടതുപക്ഷ മനസ്സ് കേരളത്തിൽ രൂപീകരിക്കപ്പെട്ടത്. ആധുനീക കേരളീയ സമൂഹത്തിന്റെ വികാസത്തിന്റെ അടിസ്ഥാനം ഇതായിരുന്നു.
സമൂഹ്യപരിഷ്‌കരണത്തിന്റെ മുന്നേറ്റങ്ങളെ ദുർബലപ്പെടുത്തുന്ന തരത്തിലുള്ള ഇടപെടലുകൾ ഓരോ ഘട്ടത്തിലും കേരളത്തിൽ ഉയർന്നുവന്നിരുന്നു. അതിനെ തട്ടിമാറ്റിക്കൊണ്ടാണ് കേരളീയ സമൂഹം വികസിച്ചത്. ഫ്യൂഡൽ മൂല്യങ്ങൾ നിലനിൽക്കുന്ന സമൂഹമെന്ന നിലയിൽ അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കും ഒളിത്താവളങ്ങൾ സ്വാഭാവികമായി ഉണ്ടാകും. മുതലാളിത്ത മൂല്യങ്ങളാവട്ടെ പണം എല്ലാറ്റിനും മുകളിലാണെന്ന കാഴ്‌ചപ്പാടും മുന്നോട്ടുവെക്കുന്നു. ആഗോളവൽക്കരണ നയങ്ങൾ മുന്നോട്ടുവെക്കുന്ന സാംസ്‌കാരിക മൂല്യങ്ങളാവട്ടെ എന്ത് ചെയ്‌തും പെട്ടന്ന് സമ്പത്ത് കുന്നുകൂട്ടാനുള്ള പ്രവണതകളെ കൂടുതൽ ശക്തിപ്പെടുത്തുകയാണ്. ഇതിനായി ഏറെ സ്വകാര്യമായ ഇടം പ്രധാനം ചെയ്യുന്ന നവമാധ്യമങ്ങളെ ഉപയോഗപ്പെടുത്തുകയും ചെയ്യുകയാണ്. ഇതിലൂടെ ദുർബല മനസ്സുകൾ ഇത്തരം വഴികളിലേക്ക് എത്തിപ്പെടുകയും ചെയ്യുന്നു.
ലോകത്ത് സമ്പത്ത് രൂപപ്പെട്ടത് ആഭിചാരക്രിയകളിലൂടെയല്ല. ശാസ്‌ത്രീയമായ ചിന്തകളെ ഉൽപാദന രംഗത്ത് പ്രയോഗിച്ചതുകൊണ്ടാണ്. ജീവന്റെ ഉത്ഭവത്തേയും പരിണാമത്തേയും സംബന്ധിച്ചെല്ലാം ശരിയായ ധാരണകൾ കൂടുതൽ വികസിച്ചുകൊണ്ടിരിക്കുന്ന ഘട്ടംകൂടിയാണിത്. ജീവി വർഗ്ഗങ്ങളെത്തന്നെ സൃഷ്ടിക്കാൻ കഴിയാവുന്ന വിധം അത് വികസിച്ചുവരികയുമാണ്. ഈ ഘട്ടത്തിലാണ് പ്രാകൃതമായ വിശ്വാസങ്ങൾക്ക് പിന്നിൽ പോലും ശാസ്‌ത്രീയ സത്യമുണ്ടെന്നും അതുകൊണ്ട് രാജ്യം ലോകത്തിന് മാതൃകയാണെന്നുമുള്ള പ്രചരണങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നത്. ഇത്തരം കാഴ്‌ചപ്പാടുകളെ പ്രതിരോധിച്ച് മുന്നോട്ടുപോകാനും കഴിയേണ്ടതുണ്ട്.
ശാസ്‌ത്രീയമായ അറിവുകൾ ഏറെയുള്ളതാണ് നമ്മുടെ നാട്. ആ ശാസ്‌ത്ര ചിന്തകളെ ജീവിത വീക്ഷണമായി രൂപപ്പെടുത്തുന്ന തരത്തിലുള്ള ഇടപെടലുകൾ വികസിക്കേണ്ടതുണ്ടെന്ന് ഈ സംഭവങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നു. ഇത്തരം സംഭവങ്ങൾ ഒഴിവാക്കി കേരളത്തിന്റെ സാംസ്‌കാരിക ഔന്നിത്യം കൂടുതൽ മുന്നോട്ടുകൊണ്ടുപോകുന്നതിന് മലയാളികളാകെ ഒന്നിച്ച് നിൽക്കേണ്ട ഘട്ടം കൂടിയാണിത്.
നിലവിലുള്ള നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനോടൊപ്പം തന്നെ ആവശ്യമെങ്കിൽ പുതിയ നിയമനിർമ്മാണമുൾപ്പെടെ ആലോചിക്കേണ്ടതാണ്. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഇത്തരം സംഭവത്തെ കേവലം നിയമംകൊണ്ട് മാത്രം പ്രതിരോധിക്കാനാകില്ല. അതിനായി നിയമത്തിലെ പഴുതുകളടച്ച് ഇടപെടുമ്പോൾ തന്നെ വിശാലമായ ബഹുജന മുന്നേറ്റവും, ബോധവൽക്കരണവും ഉയർന്നുവരേണ്ടതുണ്ട്.