സിപിഐ എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
_______________________
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അദ്ദേഹം വഹിക്കുന്ന ഭരണഘടനാ പദവിക്ക് നിരക്കാത്ത രീതിയിലാണ് പ്രവർത്തിക്കുന്നത്. ഏകാധിപത്യ അധികാരങ്ങൾ ഗവർണർ പദവിയിൽ ഇല്ല.
ഏറ്റവും ഒടുവിലായി ഗവർണർ ഓഫീസിന്റെ അന്തസ്സിനെ താഴ്ത്തുന്ന തരത്തിൽ ഗവർണറുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്നും വന്നിട്ടുള്ള പ്രസ്താവന, ഗവർണർക്ക് തന്റെ ഇഷ്ട്ടത്തിനനുസരിച്ച് ഒരു മന്ത്രിയെ പിരിച്ചുവിടാമെന്ന് പറയുന്നതിന് തുല്യമാണ്. ഇത്തരം ഏകാധിപത്യ അധികാരങ്ങൾ ഗവർണർക്ക് ഭരണഘടന നൽകുന്നില്ല. ട്വീറ്റിലൂടെ ഗവർണർ തന്റെ രാഷ്‌ട്രീയ പക്ഷം വെളിപ്പെടുത്തിയിരിക്കുകയാണ്. എൽഡിഎഫ് സർക്കാരിനോടുള്ള ഗവർണറുടെ വിദ്വേഷവും ഇതിലൂടെ വ്യക്തമാണ്.
കേരളാ ഗവർണർ ഇത്തരം ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ പ്രസ്താവനകൾ നടത്തുന്നത് തടയാൻ അടിയന്തിരമായി രാഷ്ട്രപതി ഇടപെടണം.