Skip to main content

വിഴിഞ്ഞം മേഖലയിൽ കലാപം സൃഷ്ടിക്കാനുള്ള ചില ശക്തികളുടെ ഗൂഢശ്രമങ്ങൾ അവസാനിപ്പിക്കണം

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

___________________________________

വിഴിഞ്ഞം മേഖലയില്‍ കലാപം സൃഷ്ടിക്കാനുള്ള ചില ശക്തികളുടെ ഗൂഢശ്രമങ്ങള്‍ അവസാനിപ്പിക്കണം. കഴിഞ്ഞ ദിവസം വിഴിഞ്ഞത്തുണ്ടായ സംഭവങ്ങള്‍ അത്യന്തം ഗൗരവതരവും, അപലപനീയവുമാണ്‌. സമരം ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. അക്രമങ്ങള്‍ കുത്തിപ്പൊക്കി കടലോര മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ്‌ ഇപ്പോള്‍ സമരത്തിന്റെ പേരില്‍ നടക്കുന്നത്‌. ജനങ്ങള്‍ക്കിടയിലെ സൗഹാര്‍ദം ഇല്ലാതാക്കുന്നതിന്‌ പുറപ്പെട്ട ശക്തികള്‍ കലാപം ലക്ഷ്യംവെച്ച്‌ അക്രമ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയാണ്‌. പൊലീസ്‌ സ്റ്റേഷന്‍ തന്നെ തകര്‍ക്കുന്ന സ്ഥിതിയുണ്ടായി. നിയമവാഴ്‌ചയെ കൈയ്യിലെടുക്കാനും, കടലോര മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനുമുള്ള പരിശ്രമങ്ങളാണ് ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിച്ചുകൊണ്ട്‌ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകണം. ഒപ്പം ചില സ്ഥാപിത ലക്ഷ്യങ്ങളോടെ ജനങ്ങളെ ഇളക്കിവിടുന്നവരെ തുറന്നുകാണിക്കാനും കഴിയേണ്ടതുണ്ട്‌.

കേരളത്തിന്റെ വികസനത്തിന്‌ പ്രധാനമായ പദ്ധതികള്‍ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ നടപ്പിലാക്കുമ്പോള്‍ അവയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ച്ചയായി നടക്കുകയാണ്‌. കൂടംകുളം പദ്ധതി, നാഷണല്‍ ഹൈവേയുടെ വികസനം, ഗെയില്‍ പൈപ്പ്‌ ലൈന്‍ തുടങ്ങിയവയിലെല്ലാം ഇത്തരം എതിര്‍പ്പുകള്‍ ഉയര്‍ന്നുവരികയും, ശക്തമായ നടപടികളിലൂടെ അത്‌ നടപ്പിലാക്കുന്നതിന്‌ സംസ്ഥാന സര്‍ക്കാരിന്‌ കഴിഞ്ഞിട്ടുണ്ട്‌. കേരളത്തിന്റേയും, വിശിഷ്യാ തിരുവനന്തപുരത്തിന്റേയും വികസനത്തിന്‌ ഏറെ പ്രാധാന്യമുള്ളതാണ്‌ വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കുക എന്നത്. ഇതിന്റെ തുടര്‍ച്ചയായി വ്യവസായ ഇടനാഴി വികസിപ്പിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്‌. മത്സ്യത്തൊഴിലാളി മേഖലയില്‍ ഇതുമായി ബന്ധപ്പെട്ട്‌ നേരത്തെ ഉയര്‍ന്നുവന്ന ആശങ്കകളെല്ലാം ചര്‍ച്ചകളിലൂടെ പരിഹരിക്കുകയും, സാധ്യമായ ഇടപെടലുകളെല്ലാം സംസ്ഥാന സര്‍ക്കാര്‍ നടത്തിയിട്ടുള്ളതുമാണ്‌. ഇപ്പോള്‍ സമരരംഗത്തുള്ള ചെറുവിഭാഗവുമായും ചര്‍ച്ച നടത്താനും, പ്രശ്‌നം പരിഹരിക്കാനുമുള്ള നടപടികളെല്ലാം സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതുമാണ്‌. ചില സ്ഥാപിത താല്‍പര്യങ്ങളാണ്‌ ഇതിന്‌ തടസ്സമായി നിന്നത്‌.

വിഴിഞ്ഞം പദ്ധതിയെ നാടിന്റെ വികസനത്തിന്‌ പ്രധാനമാണെന്ന്‌ കണ്ടറിഞ്ഞ്‌ എക്കാലവും പാര്‍ടി പിന്തുണച്ചിട്ടുള്ളതാണ്‌. അതേ സമയം പദ്ധതിയുമായി ബന്ധപ്പെട്ട്‌ അഴിമതിയുടെ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ അതിനെതിരെ നിലപാട്‌ സ്വീകരിച്ചിട്ടുമുണ്ട്‌. കരാറുകള്‍ യാഥാര്‍ത്ഥ്യമായ സാഹചര്യത്തില്‍ പദ്ധതി പ്രായോഗികമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ്‌ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌.

കേരളത്തിന്റെ വികസനത്തില്‍ കേരളത്തിലെ മുഴുവന്‍ ജനതയും യോജിച്ച്‌ നില്‍ക്കുകയെന്നത്‌ പ്രധാനമാണ്‌. കക്ഷി രാഷ്‌ട്രീയത്തിനതീതമായി ജനങ്ങളെ യോജിപ്പിച്ച്‌ നിര്‍ത്തുകയെന്ന സമീപനമാണ്‌ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്‌. മത്സ്യമേഖലയില്‍ അവയെ സംരക്ഷിക്കുന്നതിനുള്ള വികസന പ്രവര്‍ത്തനങ്ങളുടെ പരമ്പര തന്നെയാണ്‌ സംസ്ഥാന സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്‌. അതിന്റെ അടിസ്ഥാനത്തിലുള്ള പിന്തുണ ആ മേഖലയില്‍ ആര്‍ജ്ജിക്കാനും സര്‍ക്കാരിന്‌ കഴിഞ്ഞിട്ടുണ്ട്‌.

കടലോര മേഖലയിലെ വികസന പ്രവര്‍ത്തനത്തിന്റെ ഫലമായി സര്‍ക്കാര്‍ നേടിയ അംഗീകാരം തകര്‍ക്കാനുള്ള രാഷ്‌ട്രീയ പ്രേരിതമായ ഇടപെടലുകളും ഇത്തരമൊരു അവസ്ഥ സൃഷ്ടിക്കുന്നതിന്‌ ഇടയാക്കിയിട്ടുണ്ട്‌. ഈ യാഥാര്‍ത്ഥ്യം ജനങ്ങളില്‍ എത്തിക്കുന്നതിനും, വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ആവശ്യകത ജനങ്ങളിലെത്തിക്കാനും ശക്തമായ ക്യാമ്പയിന്‍ ഉയര്‍ന്നുവരേണ്ടതുണ്ട്.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

റഫറി ഒരു ടീമിന്റെ ഭാഗമായി മാറിയ തെരഞ്ഞെടുപ്പ്‌ പോരാട്ടമെന്ന നിലയിലാകും ബിഹാർ തെരഞ്ഞെടുപ്പ്‌ ഓർമിക്കപ്പെടുന്നത്‌

സ. എം എ ബേബി

നിഷ്‌പക്ഷത പുലർത്തേണ്ട റഫറി ഒരു ടീമിന്റെ ഭാഗമായി കളിക്കുന്നത്‌ പോലെയാണ്‌ ബിഹാർ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ്‌ കമീഷന്റെ ഇടപെടലുകൾ. ഏറെ വിവാദങ്ങൾക്ക്‌ ഇടയാക്കിയ എസ്‌ഐആർ പ്രക്രിയയ്‌ക്കുശേഷമാണ്‌ ബിഹാറിൽ തെരഞ്ഞെടുപ്പ്‌ തീയതികൾ പ്രഖ്യാപിച്ചിട്ടുള്ളത്‌.

തൊഴിലാളിവർഗ പ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമർപ്പിച്ച ത്യാഗധനനായ നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദൻ

പ്രമുഖ ട്രേഡ്‌ യൂണിയൻ, കമ്യൂണിസ്റ്റ്‌ പാർടി നേതാവായിരുന്ന സഖാവ്‌ ആനത്തലവട്ടം ആനന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ ഇന്ന് രണ്ട് വർഷം പൂർത്തിയാകുകയാണ്‌.

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി. എൽഡിഎഫ്‌ കോഴിക്കോട് ജില്ലാ കമ്മിറ്റി മുതലക്കുളത്ത്‌ സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സദസ്സിന് എത്തിയപ്പോഴാണ് അദ്ദേഹത്തെ കണ്ടത്.

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു

സ. പിണറായി വിജയൻ

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.