സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
________________________________________
ഹർകിഷൻ സിങ്ങ് സുർജിത് ഭവനിൽ ജി20ക്ക് ബദലായി സംഘടിപ്പിച്ച സെമിനാർ - ശിൽപ്പശാല തടയാൻ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ അനാവശ്യനടപടികൾ ഭിന്നാഭിപ്രായങ്ങൾ അടിച്ചമർത്താനുള്ള നീക്കമാണ്.
സിപിഐ എം ഉടമസ്ഥതയിലുള്ള സുർജിത് ഭവനിൽ പാർടി പഠന ക്ലാസുകളും സെമിനാറുകളും മറ്റ് പല പരിപാടികളും സംഘടിപ്പിക്കാറുണ്ട്. ജി20 ഉച്ചക്കോടിക്ക് മുന്നോടിയായി ‘വീ20’ എന്ന പേരിൽ വിവിധ പൗരസംഘടനകളുടെ ആഭിമുഖ്യത്തിൽ വ്യത്യസ്‌തവിഷയങ്ങൾ ചർച്ച ചെയ്യുന്ന പരിപാടി ഇപ്പോൾ നടക്കുന്നുണ്ട്.
അനുമതി വാങ്ങിയിട്ടില്ലെന്ന പേരിൽ ആ പരിപാടി തടയാൻ പൊലീസ് രംഗത്തെത്തി. സ്വകാര്യ കെട്ടിടങ്ങളിൽ സംഘടിപ്പിക്കാറുള്ള ഇത്തരം പരിപാടികൾക്കോ സെമിനാറുകൾക്കോ അനുമതി വാങ്ങുന്ന കീഴ്‌വഴക്കം ഇതുവരെ ഉണ്ടായിട്ടില്ല.
ഡൽഹി പൊലീസിന്റെ തികച്ചും ഏകപക്ഷീയമായ ഈ നടപടിയിൽ സിപിഐ എം പൊളിറ്റ്‌ബ്യൂറോ ശക്തമായി പ്രതിഷേധിക്കുന്നു. ഡൽഹി പൊലീസിലൂടെ അനാവശ്യ ഇടപെടലുകൾ നടത്തുന്നത് മോദി സർക്കാർ അവസാനിപ്പിക്കണം. രാജ്യതലസ്ഥാനത്ത് ചർച്ചകളും സെമിനാറുകളും സംഘടിപ്പിക്കാനുള്ള പൗരൻമാരുടെ ജനാധിപത്യ അവകാശത്തിൽ കടന്നുകയറ്റം നടത്തരുത്.