സിപിഐ എം പോളിറ്റ്‌ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
___________________
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ആധാർ അധിഷ്‌ഠിതമാക്കിയ കേന്ദ്രസർക്കാർ നടപടി രാജ്യത്തെ കോടിക്കണക്കായ ഗ്രാമീണ തൊഴിലാളികളോട് കേന്ദ്രം പുലർത്തുന്ന ശത്രുതാപരമായ സമീപനത്തിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ്. തൊഴിലുറപ്പ് പദ്ധതിയുടെ വേതനവിതരണം ജനുവരി ഒന്ന് മുതൽ നിർബന്ധമായും ആധാർ അധിഷ്‌ഠിതമാക്കിയിരിക്കയാണ്. കോടിക്കണക്കായ തൊഴിലാളികളുടെ നിയമപരമായ അവകാശമാണ് ഈ നടപടിയിലൂടെ സർക്കാർ കവർന്നെടുക്കുന്നത്.
നിയമപ്രകാരം ഏതൊരു ഗ്രാമീണ തൊഴിലാളിക്കും തൊഴിൽ കാർഡിന് അവകാശമുണ്ട്. ഏതൊരു തൊഴിൽ കാർഡുടമയ്‌ക്കും വർഷം കുറഞ്ഞത് 100 ദിവസത്തെ തൊഴിലിന് അവകാശമുണ്ട്. ആധാർ അധിഷ്‌ഠിത വേതന വിതരണത്തിനായി തൊഴിൽ കാർഡുടമയെ യോഗ്യർ, അയോഗ്യർ എന്നിങ്ങനെ രണ്ടായി സർക്കാർ തിരിച്ചിരിക്കയാണ്. കഴിഞ്ഞ മൂന്നവർഷ കാലയളവിൽ കുറഞ്ഞത് ഒരു ദിവസമെങ്കിലും തൊഴിലെടുക്കാത്തവരെല്ലാം സർക്കാർ മാനദണ്ഡപ്രകാരം അയോഗ്യരാണ്. സർക്കാർ കണക്കുപ്രകാരം 25.25 കോടി കാർഡുടമകളിൽ 14.35 കോടി പേർ മാത്രമാണ് യോഗ്യരായുള്ളത്. ശേഷിച്ചവരെയെല്ലാം അയോഗ്യരായി തള്ളി.
14.35 കോടി യോഗ്യരായ കാർഡുടമകളുടെ കാര്യത്തിൽ തന്നെ 1.8 കോടി പേർക്ക് (12.7 ശതമാനം) ഇനിയും ആധാർ അധിഷ്‌ഠിയ സംവിധാനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞിട്ടില്ല. അവർക്കും ഇനി മുതൽ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാകാൻ സാധിക്കില്ല. ഗ്രാമീണ ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലെയും മോശം ഇന്റർനെറ്റ് കണക്‌റ്റിവിറ്റിയാണ് തൊഴിലാളികൾ പുറത്താക്കപ്പെടാൻ കാരണം. തൊഴിലുറപ്പ് നിയമത്തിന് നേരെയുള്ള കടന്നുകയറ്റമാണ് സർക്കാർ നടപടി. സാങ്കേതികത ആയുധമാക്കി നിയമപരമായ അവകാശങ്ങളെ പോലും മോദി സർക്കാർ അട്ടിമറിക്കുകയാണ്. ആധാർ അധിഷ്‌ഠിത വേതനവിതരണം നിർബന്ധമാക്കിയ നടപടിയിൽ നിന്നും പിന്തിരിയാൻ കേന്ദ്ര സർക്കാർ തയ്യാറാകണം.