Skip to main content

തിരഞ്ഞെടുപ്പുകൾ മുന്നിൽ നിൽക്കെ കരുവന്നൂർ ബാങ്ക്‌ ക്രമക്കേടിന്റെ പേരിൽ സിപിഐ എമ്മി നെയും പാർടിയുടെ സമുന്നത നേതാക്കളേയും വേട്ടയാനാനുള്ള എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ നീക്കം ജനാധിപത്യ മര്യാദകളുടെ സർവ്വപരിധികളും ലംഘിക്കുന്നത്

തിരഞ്ഞെടുപ്പുകൾ മുന്നിൽ നിൽക്കെ കരുവന്നൂർ ബാങ്ക്‌ ക്രമക്കേടിന്റെ പേരിൽ സിപിഐ എമ്മി നെയും പാർടിയുടെ സമുന്നത നേതാക്കളേയും വേട്ടയാനാനുള്ള എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ നീക്കം ജനാധിപത്യ മര്യാദകളുടെ സർവ്വപരിധികളും ലംഘിക്കുന്നതാണ്. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ രാധാകൃഷ്‌ണൻ എംപി , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ സി മൊയ്‌തീൻ എം എം വർഗീസ്‌ എന്നിവരെ രാഷ്‌ട്രീയമായ ഗൂഢലക്ഷ്യത്തോടെയാണ്‌ പ്രതിപ്പട്ടികയിൽ ചേർത്തിട്ടുള്ളത്‌. പാർടി ജില്ലാ സെക്രട്ടറിമാരായിരുന്ന ഇവർ കരുവന്നൂർ ബാങ്കിലെ അഴമിതിക്കാരെ പുറത്തുകൊണ്ടുവരാനും ബാങ്കിനെ രക്ഷിച്ചെടുക്കാനും ശ്രമിച്ചവരാണ്‌. സർക്കാരിനൊപ്പം നിന്ന്‌ അഴിമതിക്കാർക്കെതിരെ പോരാടുകയും ബാങ്കിന്റെ പ്രവർത്തനം പുനസ്ഥാപിച്ച്‌ നിക്ഷേപകർക്ക്‌ പണം തിരികെ നൽകാൻ സംവിധാനമുണ്ടാക്കുകയുമാണ്‌ ഈ നേതാക്കൾ ചെയ്തത്‌. ഇവർക്കെതിരായ കേസ്‌ കോടതിയിൽ തള്ളിപ്പോകുമെന്ന്‌ ഉറപ്പാണെന്നിരിക്കെ, ആർഎസ്‌എസ്‌ താൽപര്യം സംരക്ഷിച്ച്‌ പാർടിയേയും നേതാക്കളേയും അധിക്ഷേപിക്കാനാണ്‌ പ്രതിപ്പട്ടികയിൽ പേര്‌ ചേർത്തത്‌. ഇത് തീക്കളിയാണെന്ന് ഓർമ്മ വേണം.

രാഷ്‌ട്രീയ താൽപര്യങ്ങളോടൊപ്പം സംസ്ഥാന വിജിലൻസ്‌ ഇഡി ഉദ്യോഗസ്ഥരുടെ അഴിമതി കയ്യോടെപിടികൂടിയതിന്റ ജാള്യവും വിരോധവും ധൃതിപ്പെട്ടുള്ള കുറ്റപത്ര സമർപ്പണത്തിലുണ്ട്‌. കേസുകൾ ഒതുക്കിത്തീർക്കാൻ കൈക്കൂലി വാങ്ങുന്നതിന്‌ നേതൃത്വം നൽകുന്നത്‌ ഇഡി യുടെ ഉന്നത ഉദ്യോഗസ്ഥരാണെന്ന്‌ വിജിലൻസ്‌ കണ്ടെത്തിയിട്ടുണ്ട്‌. ഇഡി നടത്തിക്കൊണ്ടിരിക്കുന്ന എല്ലാത്തരത്തിലുള്ള അനധികൃത ഇടപെടലുകളും ഫെഡറലിസത്തിന്‌ തന്നെ വെല്ലുവിളിയാണെന്ന്‌ കഴിഞ്ഞ ദിവസമാണ്‌ സുപ്രീംകോടതി പറഞ്ഞത്‌. അങ്ങിനെയുള്ള ഇഡി, നേതാക്കളുടെ പേരിൽ കള്ളക്കേസെടുത്ത്‌ സിപിഐ എമ്മിനെ വിരട്ടാമെന്ന്‌ കരുതണ്ട.

ആർഎസ്‌എസ്‌-ബിജെപി യജമാനന്മാരുടെ കിങ്കരന്മാരായി ഇറങ്ങി ജനങ്ങളുടെ പിന്തുണയോടെ വളർന്ന നേതാക്കളെ വീഴ്‌ത്തിക്കളയാമെന്നാണ്‌ ഇഡിയുടെ മോഹമെങ്കിൽ അത്‌ കയ്യിൽ വച്ചാൽ മതി. എന്തും ചെയ്യാമെന്നും ആരേയും വേട്ടയാടാമെന്നും ആണ്‌ ബിജെപി യുടെ കരുക്കളായ ഇഡി ഉദ്യോഗസ്ഥർ കരുതുന്നതെങ്കിൽ അവരെ കേരളത്തിന്റെ ചരിത്രമാണ്‌ ഓർമ്മിപ്പിക്കാനുള്ളത്‌. ഭരണകൂട ഭീകരതയുടെ നടുവിൽ നിന്നാണ്‌ സിപിഐ എം കേരളമാകെ പടർന്ന ജനകീയ പ്രസ്ഥാനമായി മാറിയത്‌. ജനാധിപത്യപരമായി പ്രവർത്തിക്കാൻ പോലും അനുവദിക്കാതെ, ആർഎസ്‌എസിന്റേയും കോൺഗ്രസിന്റേയും ക്രിമിനലുകളും പൊലീസും ചേർന്ന്‌ നടത്തിയ വേട്ടകളിലൂടെ ഒഴുകിയ ചോരക്ക്‌ കണക്കില്ല. അവിടെ നിന്നെല്ലാം പാർട്ടി ഉയിർത്തെഴുന്നേറ്റത്‌ സാധാരണക്കാരായ ജനങ്ങൾ ആളും അർത്ഥവും നൽകി പിന്തുണച്ചതുകൊണ്ടാണ്‌. ഇന്നും ആ പിന്തുണ അതിശക്തമായി ഉള്ള ഏക പാർടി കേരളത്തിൽ സിപിഐ എം ആണ്‌. അങ്ങിനെയുള്ള പാർടിയുടെ അടിത്തറ തകർക്കാനാണ്‌ കള്ളക്കേസുകൾ വഴി കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നത്‌.

പാർടി നേതൃത്വം നൽകുന്ന സർക്കാരിനെതിരായി കൊണ്ടുവന്ന സ്വർണ്ണക്കള്ളകടത്തു കേസും കിഫ്‌ബിക്ക്‌ എതിരായ കേസും എവിടെ എത്തിയെന്ന്‌ എല്ലാവർക്കും അറിയാം.

സായുധസേനയെ അടക്കം നിരത്തി ഭീതി പരത്തി എ സി മൊയ്‌തീന്റെ വീട്ടിൽ 10 മണിക്കൂറാണ്‌ റെയ്‌ഡ്‌ നടത്തിയത്‌. അവരുടെ കയ്യിലുള്ള പണത്തിന്‌ എല്ലാ രേഖകളും ഹാജരാക്കിയിട്ടും അസാധാരണ പത്രക്കുറിപ്പിറക്കി വാർത്ത നൽകി ഇഡി ആ കുടുംബത്തെ അധിക്ഷേപിച്ചു. ലോക്കൽ കമ്മിറ്റികളുടെ ഭൂമി ജില്ലാകമ്മിറ്റിയുടെ പേരിൽ രജിസ്‌റ്റർ ചെയ്തതിന്റെ പേരിലാണ്‌ എം എം വർഗീസിനെ പ്രതിചേർത്തത്‌. പച്ചക്കള്ളങ്ങൾ കുറ്റപത്രത്തിൽ എഴുതിച്ചേർത്താണ്‌ നേതാക്കളെ കുരുക്കാൻ ഇഡി ശ്രമിക്കുന്നത്‌. വടക്കാഞ്ചേരി നഗരസഭ കൗൺസിലർ പി ആർ അരവിന്ദാക്ഷന്‌ ജാമ്യം അനുവദിച്ചപ്പോൾ ഹൈക്കോടതി പറഞ്ഞത്‌ ഇഡി ക്ക്‌ ഓർമ്മയുണ്ടാകും. കുറ്റം ചെയ്‌തിട്ടില്ലെന്ന്‌ കരുതാൻ മതിയായ കാരണങ്ങളുണ്ടെന്നാണ്‌ അന്ന്‌ കോടതി പറഞ്ഞത്‌. തൃശൂരിലെ ജില്ലാ സെക്രട്ടറിമാരായിരുന്ന മൂന്നുപേർക്കെതിരേയും വസ്തുതാവിരുദ്ധമായ ആരോപണങ്ങളാണ്‌ ഇ ഡി നിരത്തുന്നത്‌. രാഷ്‌ട്രീയമായും നിയമപരമായും കള്ളക്കേസുകളെ നേരിടും.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സംഘപരിവാറിനെതിരെ നെഞ്ചുവിരിച്ചു പ്രതിരോധിക്കുന്ന ഡിവൈഎഫ്ഐയെയും അതിന്റെ നേതാക്കളെയുമാണ് മീഡിയാവണ്ണും ജമായത്തെ ഇസ്ലാമിയും ചേർന്ന് വർഗീയച്ചാപ്പയടിക്കാൻ ശ്രമിക്കുന്നത്

സ. ടി എം തോമസ് ഐസക്

സഖാവ് എം സ്വരാജിനെതിരെ മീഡിയാ വൺ നടത്തിയ ആസൂത്രിതമായ വ്യാജപ്രചരണം വസ്തുതാപരമായി തുറന്നു കാണിക്കുന്ന ന്യൂസ് ബുള്ളറ്റ് കേരളയുടെ വീഡിയോ, കോപ്പി റൈറ്റ് ലംഘനമാണെന്ന് ആരോപിച്ച് മീഡിയാ വൺ സ്ട്രൈക്ക് ചെയ്തിരിക്കുന്നു.

ഭൂരിപക്ഷ വർഗീയതയെ ചൂണ്ടിക്കാട്ടി ന്യൂനപക്ഷ വർഗീയത വളർത്തുന്നത് പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാൻ കാരണമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഹിന്ദുരാഷ്ട്ര വാദികളായ ആർഎസ്‌എസ് ശതാബ്ദി ആഘോഷിക്കാനിരിക്കെ പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാനുള്ള ബഹുമുഖ ശ്രമങ്ങളാണ് നടന്നുവരുന്നത്.

കേന്ദ്ര സർക്കാരിൻ്റെ കേരള വിരുദ്ധ നയം തിരുത്താൻ ജനങ്ങളുടെയാകെ പ്രതിഷേധം അനിവാര്യമാണ്

സ. പിണറായി വിജയൻ

കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ നിഷേധാത്മക നിലപാട് തുടരുകയാണ്. ഓണക്കാലത്ത് കേരളത്തിനു പ്രത്യേകമായി അധിക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം പോലും തള്ളിക്കളഞ്ഞിരിക്കുന്നു.

പി കെ സി എന്ന മൂന്നക്ഷരത്തിൽ അറിഞ്ഞ കമ്യൂണിസ്റ്റിന്റെ ജീവിതത്തെ പരിചയപ്പെടുമ്പോൾ ഉജ്വലമായ പോരാട്ടസമര ചരിത്രത്തെയാണ് സ്പർശിക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പുന്നപ്ര–വയലാർ സമരത്തിന്റെ നായകൻ സ. പി കെ ചന്ദ്രാനന്ദൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അതുല്യസംഭാവന നൽകിയ നേതാക്കളിൽ ഒരാളാണ്. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 11 വർഷമാകുന്നു.