Skip to main content

ഏകീകൃത സിവിൽ കോഡിന്റെ പേരിൽ പ്രചണ്ഡ പ്രചാരണം അഴിച്ചു വിടുമ്പോഴും ഭരണഘടനാ ഉറപ്പു നൽകുന്ന ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്ന മണിപ്പൂർ ജനതയെ കുറിച്ച് പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്

മണിപ്പൂരില്‍ സാധാരണക്കാരുടെ മനഃസമാധാനം നഷ്ടപ്പെട്ടിട്ട് രണ്ട് മാസത്തോളമാകുന്നു. ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ ഇന്നും വെടിയേറ്റ് മരിച്ചു. 134 പേരാണ് ഇതുവരെ കലാത്തില്‍ കൊല്ലപ്പെട്ടത്. ഇത് ഔദ്യോഗിക കണക്ക് മാത്രമാണ്. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെടാത്ത കൊലപാതകങ്ങൾ കൂടി ചേർത്താൻ സമാനതകളില്ലാത്ത സംഭവമാണെന്ന് വ്യക്തമാകും. 247 ആരാധനാലയങ്ങളാണ് തകർക്കപ്പെട്ടത്.
കലാപം അമര്‍ച്ച ചെയ്യുന്നിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും ശ്രമിക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല. കേന്ദ്ര സഹമന്ത്രിയുടെ വീട് വരെ ആക്രമിക്കപ്പെട്ടു. എന്നിട്ടും കലാപകാരികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരാന്‍ കഴിഞ്ഞിട്ടില്ല. സൈന്യത്തെ രംഗത്തിറക്കിയെങ്കിലും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുകയാണ്. ഇതൊക്കെ നിരവധി സംശയങ്ങള്‍ക്കിട നല്‍കുന്നു.
സംസ്ഥാനം ഭരിക്കുന്നതും ബിജെപി സര്‍ക്കാരാണ്. കേന്ദ്ര സര്‍ക്കാരിന്റെ, പ്രത്യേകിച്ച് പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും സങ്കല്‍പ്പ പ്രകാരം ഇരട്ട എഞ്ചിന്‍ സര്‍ക്കാരാണുള്ളത്. എന്നിട്ടും ആയുധങ്ങളുമായി അഴിഞ്ഞാടുന്ന അക്രമകാരികളെ തടയാന്‍ കഴിയുന്നില്ല. ന്യൂനപക്ഷങ്ങളുടെ നേരെ നടക്കുന്ന അതിക്രമങ്ങള്‍ പൊലീസിന്റെയും സൈന്യത്തിന്റെയും സാന്നിദ്ധ്യത്തിലാണെന്നത് കൂടുതല്‍ ആശങ്ക പരത്തുകയും ചെയ്യുന്നു.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സമാധാനവും വികസനവും യാഥാര്‍ത്ഥ്യമാക്കിയത് ബിജെപി സര്‍ക്കാരാണെന്ന് പ്രഖ്യാപിക്കുന്ന പ്രധാനമന്ത്രിയും ബിജെപി നേതാക്കളും മണിപ്പൂര്‍ സംഭവത്തില്‍ മൗനം പാലിക്കുകയാണ്. സ്വന്തം സര്‍ക്കാരിലെ മന്ത്രിയുടെയും എംഎല്‍എമാരുടെയും വീടുകള്‍ക്ക് നേരെ അക്രമം നടക്കുമ്പോഴും തടയിടാനോ പ്രതികരിക്കാനോ നേതൃത്വം മടിക്കുന്നു. രാജ്യത്തെ എല്ലാ പ്രശ്‌നങ്ങളിലും പ്രതികരിക്കുമെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രിയുടെ പ്രതിമാസ മന്‍ കി ബാത്ത് പരിപാടിയില്‍ പോലും മണിപ്പൂര്‍ പരാമര്‍ശിക്കപ്പെടുന്നില്ല.
ഈ മൗനത്തെ ഭയക്കണം. ഗുജറാത്ത് കലാപത്തിന്റെ ഓര്‍മ്മകള്‍ നല്‍കുന്ന പാഠം അതാണ്. ഒരു വിഭാഗത്തിന്റെ ഇടയില്‍ കുത്തിവച്ച അമിത ദേശീയത ബോധമാണ് കലാപത്തിന്റെ രൂക്ഷത വര്‍ദ്ധിക്കുന്നതിന് കാരണമായത്. എതിര്‍ സമുദായത്തെ സായുധമായി ഉന്മൂലനം ചെയ്യാനിറങ്ങിയവരും സായുധമായി തന്നെ പ്രതികരിക്കാനിറങ്ങിയവരുമാണ് സമാധാനം ആഗ്രഹിക്കുന്ന സാധാരണക്കാരെ ഭീതീയുടെ താഴ് വരയില്‍ തളച്ചിട്ടത്.
പുറത്തിറങ്ങാന്‍ ഭയക്കുന്ന ജനങ്ങളെ കാണാത്ത സംസ്ഥാന സര്‍ക്കാരും അവരെ സംരക്ഷിക്കാന്‍ കഴിയാത്ത കേന്ദ്ര സര്‍ക്കാരും സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തി കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയെന്ന പ്രാഥമിക കടമ പോലും മറക്കുന്നു. പകരം വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വോട്ടുകള്‍ നേടുന്നതിനായി സമുദായങ്ങളെ വർഗീയമായി വേർതിരിച്ച് പ്രീതിപ്പെടുത്തുന്ന നടപടികള്‍ പ്രഖ്യാപിക്കുന്നു.
ഏകീകൃത സിവില്‍ കോഡിന്റെ പേരില്‍ പ്രചണ്ഡ പ്രചാരണം അഴിച്ചു വിടുമ്പോഴും നിലവിലുള്ള ഭരണഘടന ഉറപ്പു നല്‍കുന്ന ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്ന മണിപ്പൂര്‍ ജനതയെ കുറിച്ച് മൗനം അവലംബിക്കുന്നു. ഇത് സാധാരണ ജനതയ്ക്ക് ദോഷം ചെയ്യുന്ന, സമാധാന ജീവിതത്തിന്റെ കടയ്ക്കല്‍ കത്തി വയ്ക്കുന്ന നിരുത്തരവാദപരമായ നടപടിയാണ്. രാജ്യവും ജനതയും നീറി പുകയുകയും ജീവരക്ഷാർത്ഥം ജനം അഭയകേന്ദ്രങ്ങൾ തേടി അലയുകയും ചെയ്യുമ്പോൾ അമേരിക്കയിൽ സംഘടിപ്പിച്ചെടുത്ത വേദികളിൽ ഇന്ത്യൻ ജനാധിപത്യത്തെ കുറിച്ച് ഊറ്റം കൊള്ളുകയും രാജ്യത്ത് റോഡ് ഷോകൾ നടത്തി കൈയടി നേടാൻ ശ്രമിക്കുകയും ചെയ്യുകയാണ് പ്രധാനമന്ത്രിയടക്കമുള്ളവർ. ഇന്ത്യയിൽ വിവേചനമില്ലെന്ന് യുഎസിൽ പ്രസംഗിക്കുമ്പോൾ അവിടെ ഉയർന്ന പ്രതിഷേധങ്ങൾ ഒരു മുന്നറിയിപ്പാണ്. രാജ്യത്തും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം. ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടയായി വര്‍ഗീയ പ്രീണന നയത്തിനെതിരെ രംഗത്തു വരുകയും വേണം.

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.