Skip to main content

വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ പ്രത്യേകിച്ചും മണിപ്പുരിനെ അശാന്തമാക്കിയത് ബിജെപിയുടെ ഭിന്നിപ്പിക്കൽ നയമാണ്

കഴിഞ്ഞ ഒരാഴ്ചയിൽ മാത്രം ഏഴുപേരാണ് മണിപ്പുരിൽ കൊല്ലപ്പെട്ടത്. സംസ്ഥാനത്ത് സ്ഥിതിഗതികൾ കൂടുതൽ വഷളാകുകയും ചെയ്തു. 11 കുക്കികളെ കേന്ദ്രസേന വധിച്ചതിന് പ്രതികാരമായി ജിരിബാമിൽനിന്ന്‌ തട്ടിക്കൊണ്ടുപോയ എട്ടുമാസവും രണ്ടരവയസ്സുമുള്ള കുട്ടികളടക്കം ആറ് മെയ്‌ത്തീകളെ വധിക്കപ്പെട്ട നിലയിൽ കഴിഞ്ഞദിവസങ്ങളിൽ കണ്ടെത്തി. മറ്റൊരു മെയ്‌ത്തീ യുവാവും പൊലീസ് വെടിവയ്‌പിൽ കൊല്ലപ്പെട്ടു. ഒരു ഭാഗത്ത് കൊലപാതക പരമ്പര തുടരുമ്പോൾ മറുഭാഗത്ത് മന്ത്രിമാരുടെയും രാഷ്ട്രീയ പാർടികളുടെയും വീടുകളും ഓഫീസുകളും അഗ്‌നിക്കിരയാക്കപ്പെടുകയാണ്. മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ കുടുംബവസതി ആക്രമിക്കപ്പെട്ടു. മന്ത്രിസഭയിലെ രണ്ടാമനായ തോംഗാം ബിശ്വജിത്തിന്റെയും മൂന്നാമനായ ഗോവിന്ദാസിന്റെയും വീടുകൾക്ക് ജനക്കൂട്ടം തീയിട്ടു. ഒമ്പത് ബിജെപി എംഎൽഎമാരുടെയും ഒരു കോൺഗ്രസ് എംഎൽഎയുടെയും അടക്കം 14 എംഎൽഎമാരുടെ വീടുകൾക്കു നേരെ ആക്രമണമുണ്ടായി. ഇംഫാലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെയും പരസ്യഹോർഡിങ്ങുകളും ജനക്കൂട്ടം തകർത്തു. ജിരിബാമിൽ സിആർപിഎഫ് നടത്തിയ വെടിവയ്‌പിൽ കൊല്ലപ്പെട്ട 11 പേരെ മറവുചെയ്യാൻ കുക്കികൾ തയ്യാറായിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മറവുചെയ്യൂ എന്നാണ് കുക്കി സംഘടനകൾ അറിയിച്ചിട്ടുള്ളത്.
ഒരുഭാഗത്ത് പരസ്പരം ആക്രമണവും വെടിവയ്‌പും നടക്കുമ്പോൾ സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥയും അതിവേഗം വഷളാകുകയാണ്. മെയ്‌ത്തീ നേതാവിനെപ്പോലെ തീർത്തും പക്ഷപാതപരമായി പെരുമാറുന്ന മുഖ്യമന്ത്രി ബിരേൻസിങ്ങിൽ സഖ്യകക്ഷികൾക്കും സ്വന്തം എംഎൽഎമാർക്കും വിശ്വാസം നഷ്ടപ്പെടുകയാണ്. ബിജെപി കഴിഞ്ഞാൽ മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയായ നാഷണൽ പീപ്പിൾസ് പാർടി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. ക്രമസമാധാനം പാലിക്കുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടെന്നാരോപിച്ചാണ് ഏഴ് എംഎൽഎമാരുള്ള എൻപിപി പിന്തുണ പിൻവലിച്ചത്. സർക്കാരിന് ഭീഷണിയില്ലെങ്കിലും ബിരേൻ സിങ് സർക്കാരിനുള്ള ജനപിന്തുണ നാൾക്കുനാൾ കുറയുകയാണെന്ന് ഇത് സൂചിപ്പിക്കുന്നു. രണ്ട് എംഎൽഎമാരുള്ള കുക്കി പീപ്പിൾസ് അലയൻസ് പിന്തുണ പിൻവലിച്ച് ഒരു വർഷത്തിനു ശേഷമാണ് മറ്റൊരു കക്ഷികൂടി പിൻവലിക്കുന്നത്. മുഖ്യമന്ത്രിയെ മാറ്റണമെന്ന് എൻപിപി നേതാവും മേഘാലയ മുഖ്യമന്ത്രിയുമായ കോൺറാഡ് സാങ്‌മ ആവശ്യപ്പെട്ടത് വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എങ്ങനെയാണ് മണിപ്പുർ സംഭവം വീക്ഷിക്കുന്നത് എന്നതിനുള്ള ഉദാഹരണമാണ്. ഘടകകക്ഷികൾ മാത്രമല്ല, ജിരിബാം മണ്ഡലത്തിലെ ബിജെപി പ്രസിഡന്റും ജനറൽ സെക്രട്ടറിയും അടക്കം എട്ടുപേർ സർക്കാർ പൂർണ പരാജയമാണെന്ന് ചൂണിക്കാട്ടി പാർടിയിൽനിന്ന്‌ രാജിവച്ചു. സ്പീക്കർ സത്യബ്രതസിങ്ങും വിദ്യാഭ്യാസ മന്ത്രി ബിശ്വജിത്ത് സിങ്ങും ഉൾപ്പെടെ 19 ബിജെപി എംഎൽഎമാർ ബിരേൻസിങ്ങിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കഴിഞ്ഞമാസം കത്തെഴുതി. ഇംഫാലിൽ എല്ലാം സാധാരണ നിലയിലാണെന്ന് വരുത്തിത്തീർക്കാനായി മുഖ്യമന്ത്രി ചൊവ്വാഴ്ച ഇംഫാലിലെ വസതിയിൽ വിളിച്ചുചേർത്ത എൻഡിഎ എംഎൽഎമാരുടെ യോഗത്തിൽനിന്ന്‌ 11 പേർ വിട്ടുനിന്നു. ഇതിൽ ഏഴു പേർ ബിജെപിക്കാരാണ്. ഇതെല്ലാം തെളിയിക്കുന്നത് കേന്ദ്രസർക്കാരും ബിജെപിയും സംരക്ഷിക്കുന്ന ബിരേൻ സിങ്ങിന് പിന്തുണ കുറഞ്ഞുവരികയാണെന്നാണ്. അതിനിടെ ക്രമസമാധാന നില പൂർണമായും തകർന്ന സംസ്ഥാന സർക്കാരിനെ ഗവർണറുടെ റിപ്പോർട്ടിന് കാക്കാതെ കേന്ദ്രം പിരിച്ചുവിടുകയാണ് വേണ്ടതെന്ന് പ്രശസ്‌ത അഭിഭാഷകനായ ദുഷ്യന്ത് ദവെ ആവശ്യപ്പെടുകയുണ്ടായി. (‘ദ ഹിന്ദു’വിൽ എഴുതിയ ലേഖനം ) അതിനാൽ ഇനിയെങ്കിലും മുഖ്യമന്ത്രിയെ മാറ്റാൻ കേന്ദ്രവും ബിജെപിയും തയ്യാറാകണം.

മണിപ്പുർ കത്തിയെരിയുമ്പോഴും അതൊന്നും വിഷയമാക്കാതിരുന്ന ആഭ്യന്തരമന്ത്രി അമിത് ഷാ മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാകട്ടെ ആഫ്രിക്ക, ലാറ്റിനമേരിക്ക സന്ദർശനത്തിലും. എന്നാൽ, സ്ഥിതിഗതികൾ കൈവിടുമെന്നായതോടെ പ്രചാരണം ഉപേക്ഷിച്ച് ഡൽഹിയിലേക്ക് മടങ്ങാൻ അമിത് ഷാ നിർബന്ധിതനായി. ഞായർ, തിങ്കൾ ദിവസങ്ങളിൽ ഉന്നതതല യോഗം വിളിച്ച അമിത് ഷാ 50 കമ്പനി കേന്ദ്ര പൊലീസ് സേനയെ മണിപ്പുരിലേക്ക് അയക്കാൻ തീരുമാനിച്ചു. സ്ഥിതിഗതികൾ സാധാരണനിലയിലേക്ക് കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. അതിന് ആദ്യംവേണ്ടത് വിവിധ ജനവിഭാഗങ്ങളുമായും രാഷ്ട്രീയപ്രതിനിധികളുമായും ആശയവിനിമയം നടത്തുകയാണ്. അതിനായി സർവകക്ഷിയോഗം ഉടൻ വിളിക്കണം. സൈനിക നടപടിയിലൂടെ പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്ന് ഇനിയെങ്കിലും മോദി സർക്കാർ മനസ്സിലാക്കാണം. സംഘർഷം തുടങ്ങി ഒന്നരവർഷമായിട്ടും പ്രധാനമന്ത്രി സംസ്ഥാനം സന്ദർശിക്കാത്തത് കുറ്റകരമായ അനാസ്ഥയാണ്. വിവിധ ജനവിഭാഗങ്ങളെ വിശ്വാസത്തിലെടുക്കാനുള്ള നടപടികൾക്ക് അതിവേഗം തുടക്കമിടണം. കശ്മീർ, പഞ്ചാബ്, ബാബ്റി മസ്ജിദ് വിഷയങ്ങൾ ഉണ്ടായപ്പോൾ ദേശീയോദ്ഗ്രഥന സമിതി വിളിച്ച്‌ അതതുകാലത്തെ സർക്കാരുകൾ പ്രശ്നപരിഹാരത്തിന് ശ്രമിച്ചു. എന്നാൽ, മോദിസർക്കാർ അധികാരമേറിയതോടെ ദേശീയോദ്ഗ്രഥന സമിതി പഴങ്കഥയായി. 11 വർഷത്തിനിടെ വിഷയങ്ങൾ ഏറെയുണ്ടായെങ്കിലും ഒരു യോഗംപോലും വിളിച്ചില്ല.

ദേശീയോദ്ഗ്രഥനത്തെക്കുറിച്ചും രാജ്യത്തിന്റെ അഖണ്ഡതയെക്കുറിച്ചും ഐക്യത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്നവരാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിയും പ്രധാനമന്ത്രി മോദിയും. എന്നാൽ, അവർ പിന്തുടരുന്നത് കൊളോണിയൽ മേധാവികൾ സ്വീകരിച്ച "ഭിന്നിപ്പിച്ച് ഭരിക്കൽ' തന്ത്രമാണ്. കേന്ദ്രത്തിലും സംസ്ഥാനത്തിലും അധികാരം നേടാനായി ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും വംശത്തിന്റെയും ഭാഷയുടെയും ഭക്ഷണത്തിന്റെയും പേരിൽ ഭിന്നിപ്പിക്കുകയാണ്. അടുത്തിടെ യോഗി ആദിത്യനാഥ് ഉയർത്തിയ മുദ്രാവാക്യവും ഇതുതന്നെയാണ്. ബട്ടേംഗേ തോ കാട്ടേംഗേ (ഭിന്നിച്ചുനിന്നാൽ നാശം). ആദ്യം അവർ ജനങ്ങളെ ഭിന്നിപ്പിക്കുന്നു. പിന്നെ അവരെ നാശത്തിന്റെ പടുകുഴിയിലെറിയുന്നു. മണിപ്പുരിൽ അക്ഷരാർഥത്തിൽ സംഭവിക്കുന്നത് ഇതാണ്.

രാജ്യത്ത് ഹിന്ദുക്കളെ മുസ്ലിങ്ങൾക്കെതിരെയും ക്രിസ്ത്യാനികളെ മുസ്ലിങ്ങൾക്കെതിരെയും ഹിന്ദുക്കളെ ക്രിസ്ത്യാനികൾക്കെതിരെയും അണിനിരത്തുന്നു. ഹിന്ദി സംസാരിക്കുന്നവരെ മറ്റു ഭാഷ സംസാരിക്കുന്നവർക്കെതിരെ തിരിച്ചുവിടുന്നു. പച്ചക്കറി ഭക്ഷണം കഴിക്കുന്നവരെ മാംസാഹാരികൾക്കെതിരെ തിരിക്കുന്നു. ജാട്ടുകളെ ജാട്ട് ഇതര ജാതിക്കാർക്കെതിരെയും (ഹരിയാണ) യാദവരെ അതി പിന്നാക്ക ജാതിക്കാർക്കെതിരെയും (ബിഹാർ, യുപി) അണിനിരത്തി അധികാരം നേടാൻ ശ്രമിക്കുന്നു. ഹിന്ദുത്വ രാഷ്ട്രവാദികളുടെ ഭരണഘടനയായ മനുസ്മൃതിതന്നെ മനുഷ്യരെ ജാതിയറകളിൽ തളയ്‌ക്കുകയായിരുന്നല്ലോ.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ പ്രത്യേകിച്ചും മണിപ്പുരിനെ അശാന്തമാക്കിയതും ബിജെപിയുടെ ഈ ഭിന്നിപ്പിക്കൽ നയമാണ്. സനമാഹിസം എന്ന പരമ്പരാഗത മതസമ്പ്രദായത്തിൽ വിശ്വസിച്ച മെയ്‌ത്തീകളെ ആദ്യം വൈഷ്ണവരായും പിന്നീട് ഹിന്ദുത്വ രാഷ്ട്രവാദികളാക്കിയും മാറ്റിയ സംഘപരിവാർ ക്രമേണ അവരെ ക്രിസ്തുമതക്കാരായ കുക്കികൾക്കെതിരെ അണിനിരത്തി. കുക്കികളോട് പൊരുതാൻ ആരംബായ് തെംങ്കോൽ എന്ന സായുധസംഘത്തിനും രൂപം നൽകി.

ഭൂരിപക്ഷമായ മെയ്‌ത്തീകളുടെ പിന്തുണയോടെ എന്നും അധികാരത്തിൽ തുടരാമെന്ന ചിന്തയിൽനിന്നാണ് സംഘർഷം ആരംഭിച്ചത്. അത് ഇന്ന് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും മുറിവേൽപ്പിച്ചു. അതുകൊണ്ടാണ് ആർഎസ്എസിന്റെയും ബിജെപിയുടെയും കൈകളിൽ രാജ്യം സുരക്ഷിതമല്ലെന്ന് സിപിഐ എം നേരത്തേതന്നെ പറഞ്ഞത്. സ്വന്തം ജനങ്ങളിൽ ഒരു വിഭാഗത്തെ ശത്രുപക്ഷത്ത് നിർത്തിയുള്ള ഐക്യാഹ്വാനമാണ് സംഘപരിവാർ നടത്തുന്നത്. അന്തിമമായി അത് വിഭജനത്തിലേക്കും അന്തമില്ലാത്ത സംഘർഷത്തിലേക്കുമാണ് നയിക്കുക. മണിപ്പുർ ഒരു തുടക്കം മാത്രമാണ്. മിസോറമിലെ മെയ്‌ത്തീകൾ ഭയത്തിലാണ് കഴിയുന്നത്‌. മറ്റ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ഇതേനയമാണ് ബിജെപി സ്വീകരിക്കുന്നത്. മിസോറമിലും നാഗാലാൻഡിലും ക്രിസ്ത്യാനികളെ കൂടെ നിർത്തി ബംഗ്ലാദേശി മുസ്ലിങ്ങൾക്കരെ തിരിയാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ ബന്ധം മെച്ചപ്പെടുത്തിയെന്നാണ്‌ മോദി അവകാശപ്പെടുന്നത്. എന്നാൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളെ അകറ്റിയത്‌ മോദി ഭരണമാണ്.
 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.